-
*
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ
ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുള്ളവർ ആവർത്തിച്ചുന്നയിച്ചിട്ടുള്ള ചോദ്യങ്ങൾ
-
ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുള്ളവരുടെ മനസ്സിൽ ചോദ്യങ്ങൾ സാധാരണമാണ്. പ്രത്യേകിച്ച്, വർഷങ്ങളായി പ്രവാസ ജീവിതം കഴിഞ്ഞു തിരികെ വന്നവർക്ക്. അങ്ങനെ തിരികെ എത്തിയവർക്കായുള്ള പരിശീലന കോഴ്സുകളിൽ പങ്കെടുത്തവർ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. അവരിൽ ഭൂരിഭാഗവും ചെറുകിട ബിസിനസ്സുകാർ പോലുമല്ല എന്നാൽ, എല്ലാവരും ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുള്ളവരാണ്. വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വളരെ ലളിതമായി നല്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഏത് സംരംഭത്തിൽ നിങ്ങളുടെ പണവും സമയവും പ്രയത്നവും നിക്ഷേപിക്കണം എന്ന് തീരുമാനിക്കാൻ ഈ ചോദ്യ-ഉത്തരങ്ങൾ നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-
*
എനിക്ക് തുടങ്ങാൻ പറ്റിയ ഒരു പദ്ധതി ഏതാണ്?
-
ഓരോരുത്തുരം അവരവരുടെ അഭിരുചിക്ക് അനുയോജ്യവും അതോടൊപ്പം വിപണന സാദ്ധ്യത, ലാഭക്ഷമത എന്നിവ വിലയിരുത്തി, Pollution Control Board/ Panchayat/ Municipality ബന്ധപ്പെട്ട ലൈസൻസ്/ രജിസ്ട്രേഷൻ ലഭിക്കുന്ന പദ്ധതികളാണ് തെരഞ്ഞെടുക്കേണ്ടത്.
-
*
പലിശരഹിത/ ജാമ്യരഹിത വായ്പ ലഭിക്കുമോ?
-
പലിശരഹിത വായ്പകൾ എന്ന ഒരു ആശയം ബാങ്കുകളിൽ നിലവില്ല. എന്നാൽ പലിശ സബ്സിഡിയോട് കൂടിയ വായ്പകൾ ലഭ്യമാണ്. ജ്യാമരഹിത വായ്പകൾ നിബന്ധനകളോടെ ലഭ്യമാണ്. ഉദാഹരണമായി MUDRA വായ്പകൾ.
ബാങ്ക് വായ്പകളുടെ പലിശ നിരക്ക് RBI നിബന്ധനകൾക്ക് വിധേയമായിരിക്കും. ബാങ്കുകൾ തമ്മിൽ നിരക്കിൽ ചെറിയ വ്യത്യാസം കാണും. സഹകരണ ബാങ്ക്കൾക്ക് ദേശസാൽകൃത ബാങ്കുകളേക്കാൾ പലിശ നിരക്ക് അൽപ്പം കൂടുതൽ ആയിരിക്കും. പൊതുവെ ഇപ്പോൾ 9%-11% ആണ് ബാങ്ക്കളുടെ പലിശ നിരക്ക്.
-
*
കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എന്താണ്?
-
ബാങ്കുകൾക്ക് പുറമെ സർക്കാർ തലത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളായ KSBCDC, KSWDC, KSMDFC, KSSCDC, MATSYAFED എന്നിവ കുറഞ്ഞ പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി വായ്പ നൽകുന്ന സ്ഥാപനങ്ങൾ ആണ്. കൂടാതെ KFC, KSIDC, KSFE, Kerala Bank എന്നീ സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശത്തിന് വിധേയമായി പലിശ കുറഞ്ഞ വായ്പാ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
-
*
ബിസിനസിൻറെ ഏതെല്ലാം ആവശ്യങ്ങൾക്ക് ബാങ്ക് വായ്പ നൽകും? തുക നൽകുന്നതിനുള്ള നിബന്ധനകൾ എന്തെല്ലാമാണ്? വായ്പാതുക പൂർണമായും എന്റെ കൈവശം നൽകുമോ?
-
ബിസിനസിന്റെ ഫിക്സഡ് ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ആയ ലാൻഡ്/ ബിൽഡിംഗ്, പ്ലാന്റ്, മെഷീനറി, ആദ്യം വേണ്ട സ്റ്റോക്ക്, പ്രീ-ഓപ്പറേറ്റീവ് ചെലവുകൾ എന്നിവയ്ക്കും അതോടൊപ്പം പ്രവർത്തനമൂലധനത്തിനും (വരുമാനം ലഭിക്കുന്നതുവരെയുള്ള അഡീഷനൽ സ്റ്റോക്ക്, വേജസ്, മറ്റു ചെലവുകൾ എന്നിവ) ബാങ്കുകൾ വായ്പ നൽകുന്നതാണ്. ബാങ്ക് അംഗീകരിച്ച പ്രൊജക്റ്റ് റിപ്പോർട്ട് അനുസരിച്ച് വായ്പാതുക തവണകൾ ആയോ, തേർഡ് പാർട്ടി പേയ്മെന്റ് ആയോ, നേരിട്ടോ നൽകുന്നതാണ്.
-
*
വായ്പയ്ക്ക് ഞാൻ ഏത് ബാങ്കിനെയാണ് സമീപിക്കേണ്ടത്?
-
വായ്പയുടെ പലിശനിരക്ക്, തിരിച്ചടവ് നിബന്ധനകൾ, തിരിച്ചടവ് കാലാവധി, തവണത്തുക അനുവദിക്കുന്ന രീതി, ജ്യാമ്യവ്യവസ്ഥകൾ സംബന്ധിച്ച നിബന്ധനകൾ, സബ്സിഡി ലഭിക്കാനുള്ള സാദ്ധ്യത എന്നിവ താരതമ്യം ചെയ്ത് ബാങ്കിനെ തെരഞ്ഞെടുക്കേണ്ടതാണ്/ സമീപിക്കേണ്ടതാണ്.
-
*
ലോൺ നടപടികൾ പൂർത്തീകരിക്കാൻ എത്ര ദിവസം വേണ്ടി വരും?
-
എല്ലാ നപടിക്രമങ്ങളും പൂർത്തീകരിച്ചാൽ, രണ്ടാഴ്ച സമയമാണ് സാധാരണ ബാങ്കുകൾ ആവശ്യപ്പെടുന്നത്.
-
*
നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതി കാണിച്ച് വായ്പ എടുക്കാൻ കഴിയുമോ? നിബന്ധനകൾ എന്താണ്?
-
നിലവിലുള്ള പദ്ധതികളുടെ വിപുലീകരണം, വൈവിധ്യവൽക്കരണം എന്നിവക്ക് വായ്പ ലഭിക്കും. അതോടൊപ്പം പ്രവർത്തന മൂലധനവും ലഭിക്കുന്നതാണ്. പലിശ നിരക്ക്, ജ്യാമവ്യവസ്ഥ, തുക അനുവദിക്കുന്നത് term loan/ വർക്കിംഗ് ക്യാപിറ്റൽ ലോൺ/ ഓവർഡ്രാഫ്ട്/ ക്യാഷ് ക്രെഡിറ്റ് രീതി എന്നിവ ബാങ്ക് തീരുമാനിക്കുന്നതാണ്.
-
*
നിലവിൽ മറ്റൊരു സ്ഥാപനത്തിൽ വായ്പയുള്ള പക്ഷം പുതിയ വായ്പ ലഭിക്കുമോ?
-
നിബന്ധനകൾക്ക് വിധേയമായി വായ്പ ലഭിക്കും. (കുടിശ്ശിക/ സിബിൽ സ്കോർ/ വായ്പാ ബാലൻസ്/ വായ്പയുടെ സ്വഭാവം മുതലായവ കണക്കിലെടുത്ത്).
-
*
ബിസിനസ് ആവശ്യത്തിലേക്കായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കാം?
-
പദ്ധതിക്ക് ആവശ്യമായ ഫിക്സഡ് ഇൻവെസ്റ്റ്മെന്റ് ഘടകങ്ങൾ ഓരോന്നിനും വേണ്ട ചെലവ് എഴുതി മൊത്തം ഇൻവെസ്റ്റ്മെന്റ് കണ്ടെത്തുക. അതുപോലെ പ്രവർത്തന മൂലധനം കണ്ടെത്തുക (ഒരു നിശ്ചിത കാലയളവിലേക്ക് കൈവശം വേണ്ട തുക- കൂലി, അസംസ്കൃത വസ്തുക്കൾ, വാടക, മറ്റ് ചെലവുകൾ മുതലായവ) കണ്ടെത്തുക. ഫിക്സഡ് ഇൻവെസ്റ്റ്മെന്റ്, പ്രവർത്തനമൂലധനം എന്നിവയുടെ ആകെ തുകയാണ് പ്രോജക്റ്റ് കോസ്റ്റ്. അതുപോലെ വരവുകൾ ചെലവുകൾ എന്നിവ കണക്കാക്കി ലാഭം കണ്ടെത്തുക. ബിസിനസ് ആശയം, മാർക്കറ്റിംഗ് രീതികൾ മുതലായവ വിശദീകരിക്കുക. ബാങ്കിന് പ്രൊജക്റ്റ് ബോധ്യപ്പെട്ടാൽ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കി സമർപ്പിക്കുക.
-
*
ബാങ്കുകളുടെ ജാമ്യവ്യവസ്ഥകൾ എന്തെല്ലാമാണ്? വസ്തു ജാമ്യം സംബന്ധിച്ച പൊതുവായ നിബന്ധനകൾ എന്തെല്ലാമാണ്?
-
ഓരോ ബാങ്കുകൾക്കും ജാമ്യവ്യവസ്ഥകൾ വ്യത്യസ്ഥമായിരിക്കും. വ്യക്തി ജാമ്യം, വസ്തു ജാമ്യം, ഫിക്സഡ് ഡെപ്പോസിറ്റ് ജാമ്യം എന്നിവയാണ് സാധാരണ ജാമ്യവ്യവസ്ഥകൾ. വസ്തു ജ്യാമ്യത്തിന് വസ്തുവിന്റെ കുറഞ്ഞ അളവ്, മാർക്കറ്റ് വാല്യൂ, എന്നിവ സംബന്ധിച്ച് ബാങ്കുകൾ നിബന്ധനകൾ മുന്നോട്ട് വെയ്ക്കുന്നതാണ്.
-
*
എനിക്ക് ഏതെല്ലാം സബ്സിഡി ലഭിക്കും? സബ്സിഡി ലഭിക്കുന്നതിന് ബാങ്ക് വായ്പ നിർബന്ധമാണോ? സ്വന്തമായി പണം മുടക്കി ബിസിനസ് ആരംഭിച്ചവർക്ക് ഏതെങ്കിലും സബ്സിഡി ലഭിക്കുമോ?
-
സംരംഭകർക്ക് കേന്ദ്ര/ സംസ്ഥാന സർക്കാർ നൽകുന്ന വിവിധതരം സബ്സിഡികൾ ലഭ്യമാണ്. സബ്സിഡി ആനുകൂല്യത്തിന് ബാങ്ക് ലിങ്കേജ് നിർബന്ധമാണ്. അതായത് സംരംഭകന് ബാങ്ക് വായ്പ ഉണ്ടായിരിക്കണം. എന്നാൽ വ്യവസായ വകുപ്പ് നൽകുന്ന ESS സ്കീം പ്രകാരമുള്ള സബ്സിഡി ലഭിക്കാൻ ബാങ്ക് വായ്പ നിർബന്ധമല്ല. പ്രവാസികൾക്കുള്ള നോർക്ക റൂട്സ് സബ്സിഡി ലഭിക്കുന്നതിനും ബാങ്ക് ലിങ്കേജ്/ വായ്പ നിർബന്ധമാണ്. നോർക്ക റൂട്സ് സബ്സിഡി സ്കീം ബാങ്കുകൾ കൂടാതെ സർക്കാർ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയും, പ്രവാസി സഹകരണ സംഘങ്ങൾ വഴിയും നടപ്പിലാക്കി വരുന്നു. മൂലധന സബ്സിഡി/ പലിശ സബ്സിഡി എന്നീ രീതികളിലാണ് സബ്സിഡി അനുവധിക്കുന്നത്. സബ്സിഡി സംബന്ധിച്ച നിബന്ധനകൾ അതത് സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്നതാണ്.
അതോടൊപ്പം KFC/ KSIDC എന്നീ സ്ഥാപനങ്ങൾ വഴിയും സംസ്ഥാന സർക്കാർ പലിശ സബ്സിഡിയിൽ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
-
*
സബ്സിഡി തുക എപ്പോൾ എന്റെ അക്കൗണ്ടിൽ വരവുചെയ്യപ്പെടും?
-
സാധാരണയായി ക്യാപിറ്റൽ സബ്സിഡി വായ്പയുടെ തുടക്കത്തിൽ ബാങ്കുകൾക്ക് കൈമാറുമെങ്കിലും തുക അക്കൗണ്ടിൽ വരവ് ചെയ്യുന്നത് 3/ 4 വർഷം കഴിഞ്ഞു പദ്ധതി നിലവിൽ ഉണ്ടെന്ന് ഉറപ്പാക്കിയിട്ട് മാത്രമായിരിക്കും. ക്യാപിറ്റൽ സബ്സിഡി തുകയ്ക്ക്, ബാങ്കുകൾ ആ കാലയളവുവരെ സംരംഭകന് അർഹമായ പലിശ നൽകുന്നതാണ്.
തൃപ്തികരമായ തിരിച്ചടവുള്ള വായ്പാ അക്കൗണ്ടുകളിൽ പലിശ സബ്സിഡി quarterly/ monthly/ yearly ആയി ബാങ്കുകൾക്ക് തുക ലഭിക്കുന്ന മുറയ്ക്ക് അക്കൗണ്ടിൽ വരവ് ചെയ്യുന്നതാണ്.
-
*
മൊറട്ടോറിയം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്താണ്?
-
വായ്പ തിരിച്ചടവിന് സമയം അനുവദിക്കുക, തിരിച്ചടവ് താൽക്കാലികമായി നിർത്തിവെയ്ക്കുക എന്നതാണ് ലോൺ മൊറട്ടോറിയം അർത്ഥമാക്കുന്നത്. നിങ്ങളുടെ ലോൺ തിരിച്ചടവിൽ ഒരു ഇടവേള ലഭിക്കാൻ അർഹതയുള്ള ഒരു കാലഘട്ടമാണിത്. മൊറട്ടോറിയം സമയത്ത് പ്രതിമാസ തവണകൾ അടയ്ക്കുന്നത് നിങ്ങൾക്ക് നിർത്താം. എന്നാൽ മൊറട്ടോറിയം കാലയളവിലും വായ്പ തുകയ്ക്ക് പലിശ ഈടാക്കുമെന്നതിനാൽ ലോൺ തുക സാധാരണപോലെ തിരിച്ചടക്കുന്നതാണ് ഉചിതം.
-
*
എന്താണ് MUDRA വായ്പ?
-
ഇന്ത്യയിലെ ഒരു പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ബാങ്ക് (അല്ലെങ്കിൽ മുദ്ര ബാങ്ക്). MUDRA ബാങ്കിന്റെ ഗ്യാരണ്ടിയിൽ, ബാങ്കുകൾ നൽകുന്ന വായ്പയാണ് MUDRA വായ്പ. പരമാവധി തുക 10 ലക്ഷം. ഇത് ഒരു ജാമ്യരഹിത വായ്പയാണ്. എന്നാൽ ഗുണഭോക്താവ് ഗ്യാരണ്ടി കമ്മീഷൻ ആയി ഓരോ വർഷവും അയാളുടെ വായ്പ അക്കൗണ്ടിലെ മുതൽ ബാക്കി തുകയ്ക്ക് 1% നിരക്കിൽ കമ്മീഷൻ നൽകേണ്ടി വരുന്നതാണ്. അതായത് ഗുണഭോക്താവിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നതാണ്. ബാങ്കുകളിൽ നേരിട്ടും, www.udyamimitra.in പോർട്ടലിൽ ഓൺലൈൻ ആയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
-
*
സിബിൽ സ്കോർ എന്ന് പറയുന്നത് എന്താണ്?
-
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (CIBIL) എന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലൈസൻസുള്ള നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിൽ ഏറ്റവും ജനപ്രിയമാണ്. നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ മൂന്നക്ക സംഖ്യാ സംഗ്രഹമാണ് CIBIL സ്കോർ. CIBIL റിപ്പോർട്ടിൽ കാണുന്ന ക്രെഡിറ്റ് ഹിസ്റ്ററി ഉപയോഗിച്ചാണ് സ്കോർ ലഭിക്കുന്നത്. ഒരു നിശ്ചിത കാലയളവിൽ ഉടനീളം ഒരു വ്യക്തിയുടെ വായ്പാതരങ്ങളിലെ ക്രെഡിറ്റ് പേയ്മെന്റ് ചരിത്രമാണ് സിഐആർ. മികച്ച സ്കോർ ഉള്ള വ്യക്തികൾക്കെ ബാങ്കുകൾ വായ്പ അനുവദിക്കയുള്ളു. ചില ധനകാര്യ സ്ഥാപനങ്ങൾക്ക് സിബിൽ സ്കോർ നിർബന്ധമല്ല. MUDRA വായ്പകൾക്ക് സിബിൽ സ്കോർ നിർബന്ധമല്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
-
*
എന്താണ് GST രജിസ്ട്രേഷൻ? GST കോംപോസിഷൻ സ്കീം ഓപ്റ്റ് ചെയ്താൽ GST കസ്റ്റമേഴ്സിൽ നിന്നും ഈടാക്കാമോ?
-
ഒരു സാമ്പത്തിക വർഷത്തിൽ 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന എല്ലാ ബിസിനസ്സുകളും GOODS AND SERVICES TAX ACT പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സേവന ദാതാക്കൾക്ക് വിറ്റുവരവ് പരിധി 20 ലക്ഷം രൂപയണ്. കൂടാതെ, വിറ്റുവരവ് പരിഗണിക്കാതെ തന്നെ GST രജിസ്ട്രേഷൻ നിർബന്ധമായ ചില ബിസിനസുകൾ ഉണ്ട്. അതുപോലെ ചില ബിസിനസിന് രജിസ്ട്രേഷൻ നിർബന്ധമില്ല. 1.5 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ഒരു നികുതിദായകന് കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കാം. ഒരു കോമ്പോസിഷൻ ഡീലർക്ക് നികുതി ഇൻവോയ്സ് നൽകാനാവില്ല. കാരണം, ഒരു കോമ്പോസിഷൻ ഡീലർക്ക് അവരുടെ ഉപഭോക്താക്കളിൽ നിന്ന് നികുതി ഈടാക്കാൻ കഴിയില്ല. അവർ സ്വന്തം പോക്കറ്റിൽ നിന്ന് നികുതി അടയ്ക്കണം (1%).
-
*
മെഷിനറി വാങ്ങുന്നതിന് GST ബിൽ നിർബന്ധമാണോ?
-
ബാങ്കുകൾ വായ്പ നൽകുന്നതിന്, സർക്കാർ ക്യാപിറ്റൽ സബ്സിഡി ലഭിക്കുന്നതിന് മെഷിനറികളുടെ GST പേയ്മെന്റ് ഉള്ള ബില്ലുകൾ നിർബന്ധമാണ്. സബ്സിഡി നൽകുന്നതിന് ചില ഏജൻസികൾക്ക് GST ബിൽ നിർബന്ധമല്ല.
-
*
MSME എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്താണ്?
-
2006-ലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന (MSMED) നിയമം അനുസരിച്ച്, സംരംഭങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
(1) മാനുഫാക്ചറിംഗ് എന്റർപ്രൈസസ്: ഏതെങ്കിലും വ്യവസായത്തിൽ ചരക്കുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. (2) സേവന സംരംഭങ്ങൾ: സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. വാർഷിക വിറ്റുവരവും നിക്ഷേപവും അടിസ്ഥാനമാക്കി സംരംഭങ്ങളെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളായി (MSME) തരം തിരിച്ചിരിക്കുന്നു.
-
*
ഉദ്യം രജിസ്ട്രേഷൻ എന്താണ്? എനിക്ക് ആവശ്യമുണ്ടോ?
-
2020 ജൂലൈ 1ന് കേന്ദ്ര എംഎസ്എംഇ മന്ത്രാലയം ആരംഭിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു ഓൺലൈൻ സംവിധാനമാണ് ഉദ്യം. അതേ തീയതി മുതൽ MSMEകളുടെ നിർവചനവും സർക്കാർ പരിഷ്കരിച്ചിരുന്നു. സ്വയം പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള പൂർണ്ണമായ ഡിജിറ്റൽ, പേപ്പർ രഹിത പ്രക്രിയയിലൂടെ ഏതൊരു വ്യക്തിക്കും അവരുടെ സംരംഭത്തിനായി സൗജന്യ ഉദ്യം രജിസ്ട്രേഷൻ നേടാനാകും. ക്രെഡിറ്റ് ഗ്യാരന്റി സ്കീം, പൊതു സംഭരണ നയം, ഗവൺമെന്റ് ടെൻഡറുകളിലെ അധിക നേട്ടം, കാലതാമസം നേരിടുന്ന പേയ്മെന്റുകളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സ്കീമുകളുടെയോ പ്രോഗ്രാമുകളുടെയോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉദ്യം രജിസ്ട്രേഷൻ നിർബന്ധമാണ്
-
*
ഒരു ബിസിനസിന് ആവശ്യമായ ലൈസൻസുകൾ ഏതെല്ലാമാണ്?
-
സംരംഭങ്ങൾക്ക് പൊതുവെ ട്രേഡ് ലൈസൻസ് നിർബന്ധമാണ്. വളരെ ചെറിയ ചില സംരംഭങ്ങൾ (Nano Units) വീട്ടിൽ തുടങ്ങാൻ ട്രേഡ് ലൈസൻസ് ആവശ്യം ഇല്ല. സംരംഭത്തിന്റെ സ്വഭാവം അനുസരിച്ചു മറ്റു വകുപ്പുകൾ, ഏജൻസികൾ നൽകുന്ന ലൈസൻസുകൾ നിർബന്ധമായും എടുക്കേണ്ടതാണ്. ഉദാഹരണമായി, ഭക്ഷ്യ മേഖലയിൽ ഉള്ളവർ FSSAI രജിസ്ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുത്തിരിക്കണം.
-
*
K-SWIFT എന്താണ്?
-
Ease of Doing Businessന്റെ ഭാഗമായി കേരളസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏക ജാലക പോർട്ടൽ ആണ് K-SWIFT. കേന്ദ്ര സർക്കാർ നിയമങ്ങളിൽ ഉൾപ്പെടാത്ത വിവിധ ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട ലൈസൻസുകൾ ലഭ്യമാക്കാൻ K-SWIFTലൂടെ അപേക്ഷ ഓൺലൈൻ സമർപ്പിക്കാവുന്നതും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അപേക്ഷ ക്രമപ്രകാരമാണെങ്കിൽ ഒരു മാസത്തിനകം ലൈസൻസുകൾ ലഭിക്കുന്ന സംവിധാനം കൂടിയാണ് K-SWIFT. ഇതിനു പുറമെ K-SWIFTവഴി ഒരു സംരംഭകന് ആവശ്യം വേണ്ട ലൈസൻസുകൾക്ക് പകരമായി സ്വയം സാക്ഷ്യപത്രം സമർപ്പിച്ച് Acknowledgement Certificate എടുത്തു സംരംഭം ആരംഭിക്കാവുന്നതും 3 വർഷം കഴിയുന്ന മുറയ്ക്ക് 6 മാസത്തിനുള്ളിൽ എല്ലാ ലൈസൻസുകളും എടുക്കേണ്ടതുമാണ്. 50 CR വരെ (റെഡ് കാറ്റഗറി വ്യവസായങ്ങൾ ഒഴികെ) നിക്ഷേപമുള്ള യൂണിറ്റുകൾക്കും GoK ന്റെ K-SWIFT പോർട്ടലിലൂടെ (സ്വയം സർട്ടിഫിക്കേഷൻ) ലഭിക്കുന്ന "അക്നോളജ്മെന്റ് സർട്ടിഫിക്കറ്റ്" ഉപയോഗിച്ച് ബിസിനസ്സ് ആരംഭിക്കാം. നിബന്ധനകൾക്കും വിശദവിവരങ്ങൾക്കും കെ-സ്വിഫ്റ്റ് പോർട്ടൽ സന്ദർശിക്കുക.
-
*
PMEGP പദ്ധതി പ്രകാരം എത്ര തുക ഏതെല്ലാം ആവശ്യത്തിന് ലഭിക്കും?
-
PMEGPയ്ക്ക് കീഴിലുള്ള അനുവദനീയമായ പദ്ധതിയുടെ/ യൂണിറ്റിന്റെ പരമാവധി ചെലവ് ഉൽപ്പാദന മേഖലയ്ക്ക് കീഴിൽ Rs. 50 ലക്ഷം, ബിസിനസ്/ സേവന മേഖലയ്ക്ക് കീഴിൽ Rs. 20 ലക്ഷം. പദ്ധതി ചെലവിന്റെ 90% തുക ബാങ്ക് അനുവദിക്കും (പ്രത്യേക വിഭാഗമാണെങ്കിൽ 95%).
സബ്സിഡി നിരക്ക് (പദ്ധതിച്ചെലവിന്റെ):
(1) പൊതുവിഭാഗം 15% URBAN, 25% RURAL.
(2) പ്രത്യേക വിഭാഗം (SC/ST/OBC/MINORITY ETC.) URBAN 25%, RURAL 35%
മൂലധനച്ചെലവില്ലാത്ത വ്യാപാര പ്രവർത്തന പ്രോജക്റ്റുകൾ ധനസഹായത്തിന് യോഗ്യമല്ല. അപേക്ഷകൾ PMEGP-പോർട്ടൽ വഴി പൂരിപ്പിച്ച് സമർപ്പിക്കുക. പദ്ധതിയുടെ പ്രവർത്തനക്ഷമത ബാങ്ക് വിലയിരുത്തുകയും തീരുമാനം എടുക്കുകയും ചെയ്യും. 10 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക്, ബാങ്കുകൾക്ക് കൊളാറ്ററൽ സെക്യൂരിറ്റി നിർബന്ധമില്ല.
-
*
കയറ്റുമതി ഇറക്കുമതി നടത്തുന്നതിനുള്ള നടപടിക്രമം എന്താണ്?
-
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാനോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനോ നിർബന്ധിതമായ ഒരു പ്രധാന ബിസിനസ് ഐഡന്റിഫിക്കേഷൻ നമ്പറാണ് ഒരു IEC (ഇംപോർട്ടർ-എക്സ്പോർട്ടർ കോഡ്). IEC രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി നേടുന്നതിന് (www.dgft.gov.in) സന്ദർശിക്കുക.
നടപടിക്രമം:
• Fill up the Application form.
• Upload required documents.
• Make online Payment.
• Receive Certificate on mail.
IEC-ന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:
• Proprietorship: PAN card, Aadhar Card, Rent Deed/Ele. Bill, Bank Details
• Partnership: PAN card of firm, Partnership Deed, Aadhar Card/PAN card of partners, Bank Details of firm.
• LLP/ Private Limited Company: PAN card of firm, Incorporation Certificate, Aadhar Card/PAN card of directors/partners, Bank Details of the firm.
-
*
Trade Mark എടുക്കുന്നതിനുള്ള നടപടിക്രമം എന്താണ്?
-
ഒരു വ്യാപാരമുദ്ര (TRADE MARK) നിങ്ങളുടെ ചരക്കുകളോ, സേവനങ്ങളോ തിരിച്ചറിയുന്ന ഏതെങ്കിലും വാക്കോ, ശൈലിയോ, ചിഹ്നമോ രൂപകൽപനയോ ഇവയുടെ സംയോജനമോ ആകാം. വിപണിയിൽ ഉപഭോക്താക്കൾ നിങ്ങളെ തിരിച്ചറിയുന്നതും നിങ്ങളുടെ എതിരാളികളിൽ നിന്ന് നിങ്ങളെ വേർതിരിച്ചറിയുന്നതും അങ്ങനെയാണ്. ഒരു വ്യാപാരമുദ്രയുടെ രജിസ്ട്രേഷൻ, ഈ നിയമം ആരംഭിച്ചതിന് ശേഷം, 10 വർഷത്തേക്ക് ആയിരിക്കും. യഥാർത്ഥ രജിസ്ട്രേഷൻ കാലഹരണപ്പെടുന്ന തീയതി മുതൽ 10 വർഷത്തേക്ക് ട്രേഡ് മാർക്കിന്റെ രജിസ്ട്രേഷൻ പുതുക്കുക.
സഹായത്തിന് ബന്ധപ്പെടുക:
The Nodal Officer,
Intellectual Property Rights Information Centre – Kerala (IPRICK),
KSCSTE, Sasthra Bhavan, Pattom, Thiruvananthapuram – 695 004.
Tele: 0471 – 2548252, 2548315
E-mail: iprickerala@gmail.com
Website: www.patentcentre.kerala.gov.in
-
*
Agriculture/ Foods/ Meat/ Fish പ്രോഡക്ട്സ് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ടെക്നോളജി എവിടെനിന്ന് ലഭിക്കും?
-
ICAR Institutions, അഗ്രിക്കൾച്ചർ Universities, National Research Centres എന്നിവിടെങ്ങളിൽ നിന്നും Agriculture/ Foods/ Meat/Fish പ്രോഡക്ട്സ് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ടെക്നോളജി ലഭിക്കും.
-
*
കന്നുകാലി/ കോഴി/ പന്നി/ മുയൽ/ ആട് വളർത്തൽ പദ്ധതികൾക്ക് ബാധകമായ ചട്ടം ഏതാണ്?
-
Kerala Panchayat Raj (Licensing of Livestock Farms) Rules, 2012
-
*
Norka-Roots നടപ്പിലാക്കുന്ന NDPREM സംരംഭകത്വ സഹായ പദ്ധതിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തല്ലാം?
-
പദ്ധതി ചെലവ്: പരമാവധി 30 ലക്ഷം (Bank Loan നിർബന്ധം)
ക്യാപിറ്റൽ സബ്സിഡി: 15% (പദ്ധതി ചെലവിന്റെ)- പരമാവധി 3 ലക്ഷം
പലിശ സബ്സിഡി: 3% സബ്സിഡി ആനുകൂല്യം ബാങ്ക് ലോൺ അക്കൗണ്ട് വഴി മാത്രം ഗുണഭോക്താവിന് നൽകുന്നു.
-
*
Norka-Roots നടപ്പിലാക്കുന്ന മറ്റ് സംരംഭകത്വ സഹായ പദ്ധതികൾ ഏതെല്ലാം?
-
കേരളാ ബാങ്ക്, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങൾ വഴി 5 ലക്ഷം വരെ ഇൻവെസ്റ്റ്മെന്റ് പ്രതീക്ഷിക്കുന്ന പദ്ധതികൾക്ക് പദ്ധതി ചെലവിന്റെ 25% (പരമാവധി 1 ലക്ഷം രൂപവരെ) ക്യാപിറ്റൽ സബ്സിഡിയും 3% പലിശ സബ്സിഡിയും ലഭിക്കുന്നതാണ്.
-
*
NORKA ROOTS നേരിട്ട് പ്രവാസികൾക്ക് വ്യവസായ വായ്പാ നൽകുമോ?
-
NORKA ROOTSന് നേരിട്ട് വായ്പ നൽകാൻ കഴിയില്ല. വായ്പാ പദ്ധതികൾ നടപ്പിലാക്കാൻ അനുമതിയുള്ള ഒരു ധനകാര്യസ്ഥാപനമല്ല NORKA ROOTS. പ്രവാസികളുടെ ഇടയിൽ സംരംഭകത്വo പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി വിവിധ സബ്സിഡി സ്കീം നടപ്പിലാക്കി വരുന്നു.
-
*
NBFC നടത്തുന്ന പ്രോഗ്രാമുകളിൽ ആർക്കൊക്കെ പങ്കെടുക്കാം ?
-
പ്രവാസികൾ, തിരികെവന്ന പ്രവാസികൾ എന്നിവർക്ക് പങ്കെടുക്കാം. രാജ്യത്തിന് പുറത്ത് ജോലി ചെയ്തവർ മാത്രമല്ല നമ്മുടെ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്തിരുന്നവരെയും പ്രവാസികൾ ആയി പരിഗണിക്കപ്പെടുന്നു.