ടോൾ ഫ്രീ ഇന്ത്യ 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

റിക്രൂട്ട്മെന്റ് വിഭാഗം

image


വിദേശരാജ്യങ്ങളിൽ ലഭ്യമായ വിവിധ തൊഴിൽമേഖലകളിലേയ്ക്ക്, തൽപരരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് അയക്കുവാനുള്ള കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജൻസി കൂടിയാണ് നോർക്ക റൂട്ട്സ്. നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് വിഭാഗം 2015 മുതൽ നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗങ്ങളിലൂടെ വിദേശജോലികൾ കണ്ടെത്തുവാൻ ഉദ്യോഗാർത്ഥികളെ സഹായിച്ചു വരുന്നു. നിലവിൽ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈറ്റ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ ആരോഗ്യമേഖലയിലേക്ക് നഴ്സുമാർ, ഡോക്ടർമാർ, മെഡിക്കൽ ടെക്നീഷ്യൻമാർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ നോർക്ക റൂട്ട്സ് തിരഞ്ഞെടുത്ത് അയച്ചുവരുന്നു. ഇതുകൂടാതെ എൻജിനീയർമാർ, അദ്ധ്യാപകർ, സൂപ്പർവൈസർമാർ, ഗാർഹിക തൊഴിലാളികൾ തുടങ്ങിയവരെയും തിരഞ്ഞെടുത്ത് അയച്ചു വരുന്നു. ഇതിനകം 1000ത്തിൽപരം നേഴ്സുമാർക്ക് നോർക്ക റിക്രൂട്ട്മെന്റ് വിഭാഗം മുഖേന വിവിധ വിദേശ സർക്കാർ/സ്വകാര്യ ആശൂപത്രിയിലേക്ക് ജോലി ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള വിവിധ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. ഗാർഹികമേഖലയിലെ ലഭ്യമായ ഒഴിവുകളിലേയ്ക്ക് 300 ഓളം വനിതകളെ സുതാര്യവും നിയമാനുസൃതവുമായ മാർഗ്ഗങ്ങളിലൂടെ നോർക്ക റൂട്ട്സ് കുവൈറ്റ് അടക്കമുള്ള വിവിധ ജി.സി.സി രാജ്യങ്ങളിൽ വിന്യസിച്ച് കഴിഞ്ഞു.

റിക്രൂട്ട്മെന്റ് ഫീസിനത്തിൽ 30,000 രൂപയും നികുതിയും മാത്രമാണ് ഉദ്യോഗാർത്ഥികളിൽനിന്ന് നോർക്ക റൂട്ട്സ് ഈടാക്കുന്നത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, വിസ പ്രോസസ്സിങ്ങ്, ആരോഗ്യ പരിശോധന എന്നിവയ്ക്കുള്ള ചാർജ്ജുകൾ ഉദ്യോഗാർത്ഥികൾ തന്നെ വഹിക്കേണ്ടതുണ്ട്.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള 18ECR രാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതിനെതുടർന്ന് ഈ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിലവിൽ ഈ രാജ്യങ്ങളിലേയ്ക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല സംസ്ഥാന സർക്കാരിനു കീഴിലുള്ള റിക്രൂട്ട്മെന്റ്  ഏജൻസികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സുതാര്യമായ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നോർക്ക റൂട്ട്സിലൂടെയുള്ള നിയമനങ്ങൾ നടക്കുന്നത്.  

ജർമ്മനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി (BA) യുമായി ചേർന്ന് ‘ട്രിപ്പിൾവിൻ’ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ ജർമ്മനിയിലേക്ക് നഴ്സ്മാരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിദേശ ജോലികൾക്ക് ഉപയുകതമാകും വിധം ഭാഷാപ്രാവിണ്യം നേടുന്നതിനായി വിവിധ വിദേശ ഭാഷകളിൽ പരിശീലനം നൽകി വരുന്നു.

ട്രിപ്പിൾ വിൻ

-ജർമ്മനിയിലേക്ക് സാധ്യതകളുടെ വാതായനം

കേരളത്തിൽനിന്നു ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി (ബി.എ) യുമായി ട്രിപ്പിൾവിൻ പദ്ധതി പ്രകാരം 2022 ഡിസംബർ 22ന് ധാരണാപത്രം ഒപ്പു വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും ജർമൻ കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ടുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.


ജർമനിയിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷയിൽ ബി2 ലവൽ യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ ലൈസൻസിംഗ് പരീക്ഷയും പാസ്സാകണം. ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം നോർക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കു ബി1 യോഗ്യത നേടി ജർമനിയിൽ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാൽ മതിയാകും.

നിലവിൽ ബി1 യോഗ്യത നേടിയ നഴ്സുമാർക്ക് ബി2 ലെവൽ യോഗ്യത നേടുന്നതിനും ലൈസൻസിംഗ് പരീക്ഷ പാസ്സാകുന്നതിനും പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവിൽ ആശുപത്രികളിലോ കെയർ ഹോമുകളിലോ കെയർഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അർഹതയുണ്ട്. നിലവിൽ ജർമ്മൻ ഭാഷയിൽ ബി1 ലവൽ യോഗ്യതയും നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.


ബി1 ലവൽ മുതൽ ജർമൻ ഭാഷ പരിശീലിപ്പിച്ചുകൊണ്ടുള്ള റിക്രൂട്ട്മെന്റാണ് രണ്ടാം ഘട്ടമായി നടത്താൻ വിഭാവന ചെയ്തിട്ടുള്ളത്. ജർമനിയിലേക്കു പോകുവാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഭാഷാ പ്രാവിണ്യത്തിനു കേരളത്തിൽത്തന്നെ സൗജന്യമായി സൗകര്യം ഒരുക്കും.


രാജ്യത്ത് ആദ്യമായാണ് സർക്കാർതലത്തിൽ ജർമനിയിലേക്കു റിക്രൂട്ട്മെന്റിനുള്ള പദ്ധതി നിലവിൽ വരുന്നത്. ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയിൽ വലിയ സാധ്യതകൾ തുറക്കുന്നതാകും ട്രിപ്പിൾ വിൻ പദ്ധതി. യൂറോപ്പിലെ മികച്ച തൊഴിൽ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവത്കൃത രാജ്യവുമായ ജർമനിയുമായുള്ള ഈ കരാർ യൂറോപ്പിലേക്കുള്ള വിപുലമായ റിക്രൂട്ടുമെന്റിന്റെ തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Apply Now

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon