നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ് പദ്ധതി
വിദേശത്ത് ജോലി ചെയ്യുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള മലയാളികൾ അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങേണ്ടി വരുമ്പോഴോ പ്രവാസികളുടെ ഭൗതികശരീരം കൊണ്ട് വരുമ്പോഴോ നാട്ടിലെ വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലോ വീട്ടിലോ എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവീസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും, മംഗലാപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ഈ സേവനം ലഭ്യമാണ്.
വിദേശമലയാളികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ സഹകരണത്തോടെയാണ് നോര്‍ക്ക റൂട്ട്സ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ സേവനം പൂര്‍ണ്ണമായും സൗജന്യമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളി പ്രവാസികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലാണ് ആംബുലന്‍സ് സേവനം ലഭിക്കുക.
നോർക്ക ആംബുലൻസ് സേവനം ലഭ്യമാകുന്നതിന് വിമാനടിക്കറ്റ് ഉറപ്പാക്കിയശേഷം നോർക്ക റൂട്ട്സിനെ വിവരമറിയിക്കുന്നതോടൊപ്പം, പേര്, പാസ്സ്പോർട്ട് നമ്പര്‍, പുറപ്പെടുന്ന സ്ഥലത്തിന്റെ വിവരം, വിമാന നമ്പര്‍, പുറപ്പെടുന്ന തീയതിയും സമയവും, എത്തിച്ചേരുന്ന എയർപോർട്ടിന്റെ പേരും സമയവും, നാട്ടില്‍ എവിടേയ്ക്കാണ് യാത്ര ചെയ്യേണ്ടത് തുടങ്ങിയ വിവരങ്ങളും നാട്ടിലെ രണ്ട് ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ ഫോൺ നമ്പറുകൾ സഹിതം ആംബുലൻസ് സേവനത്തിനായി അപേക്ഷ സമർപ്പിക്കുകയും വേണം.
അപേക്ഷ സമർപ്പിക്കുന്നതിനായി, norkaemergencyambulance@gmail.com ലേക്ക് ഇ-മെയിലിലേയ്ക്ക് ചെയ്യുകയോ, നോര്‍ക്ക റൂട്ട്സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോൺടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ +91-18004253939 (ഇന്ത്യയ്ക്കകത്ത് നിന്നും), +91-8802012345 (ഇന്ത്യയ്ക്ക് പുറത്ത് നിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യാം.