ടോൾ ഫ്രീ ഇന്ത്യ 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

സാന്ത്വന പദ്ധതി

image

 

തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോർക്കാ റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണ് സാന്ത്വന. ഈ പദ്ധതി പ്രകാരം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് മരണാനന്തര ധനസഹായമായി ഒരു ലക്ഷം രൂപ വരെയും, തിരികെയെത്തിയവരും വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരുമായ  പ്രവാസികൾക്ക് ചികിൽസാ ധനസഹായമായി 50,000/- രൂപ വരെയും, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള തിരികെയെത്തിയ പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിന്  ധനസഹായമായി 15000/- രൂപവരെയും ധനസഹായം നൽകിവരുന്നു.  കൂടാതെ പ്രവാസികളായ കേരളീയർക്കും, അവരുടെ ആശ്രിതർക്കും അംഗവൈകല്യ പരിഹാരത്തിനായി കൃത്രിമകാലുകൾ, ഊന്നു വടി, വീൽ ചെയർ മുതലായവ വാങ്ങുന്നതിന് പരമാവധി 10,000/- രൂപ വരെയും ധനസഹായം നൽകുന്നു.
 

അർഹത

    • അപേക്ഷകന്റെ വാർഷിക കുടുംബവരുമാനം ഒന്നര ലക്ഷം രൂപയിൽ അധികമാകുവാൻ പാടില്ല
    • കുറഞ്ഞത് രണ്ടു വർഷം പ്രവാസി ആയിരിക്കണം.
    • തിരികെയെത്തിയിട്ട് വിദേശത്ത് ജോലി ചെയ്ത കാലയളവ് അല്ലെങ്കിൽ പത്തു വർഷം ( ഇതിൽ ഏതാണോ കൂറവ്) ആ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.
    • അപേക്ഷ സമർപ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകർ വിദേശത്തായിരിക്കാൻ പാടില്ല.
    • www.norkaroots.org എന്ന നോർക്കാ റൂട്ട്സിന്റെ ഔദ്യോഗിക വൈബ് സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്.

 

അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ആവശ്യമായ രേഖകൾ:
 

ചികിത്സ ധനസഹായം

1. പാസ്പോർട്ട്
2. റേഷൻ കാർഡ്
3. വരുമാന സർട്ടിഫിക്കറ്റ്
4. മെഡിക്കൽ സർട്ടിഫിക്കറ്റ്
5. മെഡിക്കൽ ബില്ലുകൾ
6. അപേക്ഷകൻ/ അപേക്ഷകയുടെ ആധാറിന്റെ പകർപ്പ്
7. പ്രവാസിയുടെ ആശ്രിതർക്കാണ് ധനസഹായമെങ്കിൽ ബന്ധുത്വ സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്

 

മരണാനന്തര ധനസഹായം

1. പാസ്പോർട്ട്
2. റേഷൻ കാർഡ്
3. വരുമാന സർട്ടിഫിക്കറ്റ്
4. മരണ സർട്ടിഫിക്കറ്റ്
5. അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ്/ ആധാറിന്റെ പകർപ്പ്
6. റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്
7.  നോൺ റീ മാര്യേജ് സർട്ടിഫിക്കറ്റ് (അന്വേഷണ സമയത്ത് ആവശ്യമെങ്കിൽ)
8. അന്വേഷണ സമയത്ത് ആവശ്യമെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ്
9. ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്


വിവാഹ ധനസഹായം

1. പാസ്പോർട്ട്
2. റേഷൻ കാർഡ്
3. വരുമാന സർട്ടിഫിക്കറ്റ്
4. വിവാഹ സർട്ടിഫിക്കറ്റ്
5. പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബന്ധുത്വ സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസിൽ നിന്നും ലഭ്യമാക്കിയത്)
6. അപേക്ഷകന്റെ ആധാറിന്റെ പകർപ്പ്
7. ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്

 

ഭിന്നശേഷി ഉപകരണം

1. പാസ്പോർട്ട്
2. റേഷൻ കാർഡ്
3. വരുമാന സർട്ടിഫിക്കറ്റ്
4. അംഗവൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡിൻറെ സർട്ടിഫിക്കറ്റ്
5. അപേക്ഷകന്റെ ആധാറിന്റെ പകർപ്പ്
6. ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്

 

കുറിപ്പ്-

1. മേൽ രേഖകൾ കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ അധികരേഖകൾ ആവശ്യമാണെന്ന് സൂചിപ്പിക്കുകയാണെങ്കിൽ സമയബന്ധിതമായി പ്രസ്തുത രേഖകളും സമർപ്പിക്കേണ്ടതാണ്.

2. തിരികെയെത്തിയ പ്രവാസികളിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെയാണ് സാന്ത്വന ധനസഹായത്തിനായി പരിഗണിക്കുന്നത്.  പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ, അപേക്ഷകരുമായോ/  ആശ്രിതരുമായോ നേരിട്ട് നടത്തിയ അന്വേഷണറിപ്പോർട്ട്, സർക്കാരിന്റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ്  ധനസഹായം അനുവദിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന  അപേക്ഷകൾ ഏത് ഘട്ടത്തിലും നിരസിക്കാവുന്നതാണ്.

 

Apply Now

Schemes list

* തിരികെയെത്തിയ പ്രവാസികൾക്കായുളള ദുരിതാശ്വാസ പദ്ധതി-സാന്ത്വന സാന്ത്വന പദ്ധതി ചോദ്യോത്തരങ്ങൾ എന്താണ് സാന്ത്വന ധനസഹായ പദ്ധതി?
തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോർക്കാ റൂട്സ് നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ നിധിയാണ് സാന്ത്വന ധന സഹായ പദ്ധതി. പ്രവാസിക്കോ/ പ്രവാസിയുടെ ആശ്രിതർക്കോ ലഭ്യമാകുന്ന ഒറ്റ തവണ ധനസഹായമാണ് സാന്ത്വന ധനസഹായ പദ്ധതി.
* ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
തിരികെയത്തിയ പ്രവാസികളിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുളള പ്രവാസികൾക്കോ/ പ്രവാസികളുടെ ആശ്രിതർക്കോ ചികിൽസ, മരണാനന്തരം, വിവാഹം, അംഗവൈകല്യ പരിമിത ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരം ധനസഹായം നൽകി വരുന്നു
* സാന്ത്വന പദ്ധതി പ്രകാരം ലഭിക്കുന്ന ധനസഹായത്തെക്കുറിച്ച് വിശദീകരിക്കാമോ?
സാന്ത്വന പദ്ധതി പ്രകാരം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് മരണാനന്തര ധനസഹായമായി 1 ലക്ഷം രൂപ വരെയും, തിരികെയെത്തിയവരിൽ നിരവധി രോഗങ്ങളുമായി ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ചികിൽസ ധനസഹായമായി 50,000/- രൂപ വരെയും, സാമ്പത്തികമായി പിന്നോക്കമായിട്ടുളള തിരികെയെത്തിയ പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായമായി 15000/- രൂപവരെയും ധനസഹായം നൽകി വരുന്നു. കൂടാതെ പ്രവാസികളായ കേരളീയർക്കും, അവരുടെ ആശ്രിതർക്കും അംഗവൈകല്യ പരിഹാരത്തിനായി കൃതിമകാൽ, ഊന്നു വടി, വീൽ ചെയർ മുതലായവ വാങ്ങുന്നതിന് പരമാവധി 10,000/- രൂപ വരെയും ധനസഹായം നൽകുന്നു.
* പദ്ധതിയിൽ ആർക്കൊക്കെ അപേക്ഷിക്കാം?
രണ്ട് വർഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തു തിരികെയെത്തിയവർക്കാണ് സാന്ത്വന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുക.
* പദ്ധതിയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
അപേക്ഷകന്റെ വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ അധികമാകാൻ പാടില്ല. തിരികെയെത്തിയിട്ട് വിദേശത്ത് ജോലി ചെയ്ത കാലയളവ് അല്ലെങ്കിൽ പത്തു വർഷം (ഇതിൽ ഏതാണോ കുറവ്) ആ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷൻ വിദേശത്തായിരിക്കാൻ പാടില്ല.
* സാന്ത്വന ധനസഹായത്തിന് അപേക്ഷിക്കുന്നതിനുളള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
www.norkaroots.org എന്ന നോർക്കാ- റൂട്ട്സിന്റെ ഔദ്യോഗിക വൈബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകനോടോ/ ആശ്രിതരോടോ അസ്സൽ രേഖകളോടൊപ്പം നേരിട്ടുളള അന്വേഷണത്തിന് ഹാജരാകുവാൻ അറിയിപ്പ് നൽകും. അന്വേഷണത്തിന് ഹാജരായ ശേഷം അന്വേഷണ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് അർഹതയുളള അപേക്ഷകൾ സർക്കാരിലേയ്ക്ക് ശിപാർശ ചെയ്യുന്നതാണ്. തുടർന്ന് സർക്കാർ തീരുമാനം വരുന്നമുറയ്ക്ക് ധനസഹായം നൽകുന്നതായിരിക്കും.
* അപേക്ഷ നിരസിക്കപ്പെടുന്നത് എങ്ങനെ?
സാന്ത്വന മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷയാണെങ്കിൽ ആദ്യ ഘട്ടത്തിൽ തന്നെ നിരസിക്കപ്പെടും. അന്വേഷണ സമയത്ത് പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്ന രേഖകൾ സമർപ്പിച്ചില്ലെങ്കിലും അപേക്ഷ നിരസിക്കുന്നതാണ്. സർക്കാരിലേക്ക് ശിപാർശ ചെയ്യുന്ന അപേക്ഷകൾ സർക്കാർ വിശദമായി പരിശോധിച്ച് അപേക്ഷകർക്ക് പദ്ധതിയ്ക്ക് അർഹതയില്ലായെന്ന് കണ്ടെത്തുകയാണെങ്കിൽ സർക്കാർ തലത്തിലും അപേക്ഷ നിരസിക്കപ്പെടാവുന്നതാണ്.
* പദ്ധതി മുഖേന എന്തൊക്കെ ധനസഹായങ്ങൾ നൽകി വരുന്നു?
മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്ക് മരണാനന്തരം, ചികിൽസ ധനസഹായം, പ്രവാസിയുടെ പെൺമക്കൾക്കുളള വിവാഹ ധനസഹായം, അംഗവൈകല്യ പരിമിത ഉപകരണങ്ങൾ വാങ്ങുന്നതിനുളള ധനസഹായം.
* തിരികെയെത്തിയ പ്രവാസിക്ക് എല്ലാ ധനസഹായങ്ങൾക്കും അപേക്ഷിക്കാമോ?
പ്രവാസിയോ/ പ്രവാസിയുടെ ആശ്രിതർക്കോ സാന്ത്വന പദ്ധതി മുഖേന ലഭ്യമാകുന്ന നാലു തരത്തിലുളള ധനസഹായങ്ങളിൽ ഒരു ധനസഹായത്തിനു മാത്രമേ അപേക്ഷിക്കാൻ സാധ്യമാകുകയുള്ളൂ. കൂടാതെ സാന്ത്വന ധനസഹായം ഒരു പ്രവാസിക്കോ/പ്രവാസിയുടെ ആശ്രിതർക്കോ ഒരു തവണ മാത്രമേ ലഭ്യമാകുകയുള്ളൂ.
* ചികിൽസ ധനസഹായം ലഭ്യമായ അപേക്ഷകൻ/ അപേക്ഷക മരണപ്പെട്ടാൽ മരണാനന്തര ധനസഹായം ലഭ്യമാകുമോ?
സാന്ത്വന പദ്ധതി ഒറ്റ തവണ ധനസഹായമായതിനാൽ, സാന്ത്വന പദ്ധതി മുഖേന ചികിൽസ ധനസഹായം ലഭ്യമായ പ്രവാസി മരണപ്പെട്ടാൽ ആശ്രിതർക്ക് മരണാന്തര ധനസഹായം ലഭ്യമാകുകയില്ല.
* സാന്ത്വന പദ്ധതി മുഖേനയുളള വിവാഹ ധനസഹായം തിരികെയെത്തിയ പ്രവാസികളുടെ ഒന്നിൽ കൂടുതൽ പെൺകുട്ടികൾക്ക് ലഭ്യമാകുമോ?
സാന്ത്വന പദ്ധതി ഒറ്റ തവണ ധനസഹായമായതിനാൽ, പദ്ധതി മുഖേന ഒരു തവണ വിവാഹ ധനസഹായം ലഭ്യമായ പ്രവാസിയുടെ മറ്റു പെൺമക്കൾക്ക് ധനസഹായം ലഭ്യമാകുകയില്ല.
* മരണപ്പെട്ട പ്രവാസി അവിവാഹിതനാണെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജാരാക്കേണ്ട ആവശ്യമുണ്ടോ?
അവിവാഹിതനായ പ്രവാസിയാണെങ്കിൽ നിർബന്ധമായും അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
* മരണാനന്തര ധനസഹായ അപേക്ഷ സമർപ്പിക്കുമ്പോൾ അനന്തരവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമുണ്ടോ?
അപേക്ഷകരുമായിട്ടുളള നേരിട്ടുളള അഭിമുഖത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സാഹചര്യത്തിലോ , സർക്കാർ തലത്തിൽ ആവശ്യപ്പെടുകയാണെങ്കിലോ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
* ചികിൽസാ ധനസഹായ അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജാരാക്കേണ്ടതുണ്ടോ?
ചികിൽസാ ധനസഹായ അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ് അന്വേഷണ സമയത്ത് ഹാജരാക്കേണ്ടതുണ്ട്.
* ഒന്നരവർഷം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസിക്ക് സാന്ത്വന പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷിക്കുവാൻ കഴിയുമോ?
ഇല്ല. പദ്ധതി മാനദണ്ഡ പ്രകാരം കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത പ്രവാസികൾക്ക് മാത്രമേ സാന്ത്വന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുവാൻ കഴിയുകയുള്ളൂ.
* 1,60,000/- രൂപ വാർഷിക വരുമാനമുളള തിരികെയെത്തിയ പ്രവാസിയ്ക്ക് സാന്ത്വന പദ്ധതി പ്രകാരം അപേക്ഷിക്കുവാൻ കഴിയുമോ?
ഇല്ല, അപേക്ഷകന്റെ വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിലധികമാകുവാൻ പാടുളളതല്ല.

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon