പ്രവാസിമലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതി
പ്രവാസജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നോര്‍ക്ക-റൂട്ട്സ് ഒറ്റത്തവണയായി മൂന്നുലക്ഷം രൂപ വരെ ധനസഹായം നല്കുന്ന പദ്ധതിയാണിത്. സഹകരണ സംഘങ്ങളുടെ അടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായതുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/ തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുൻ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.
പൊതുജനതാല്പര്യമുളള ഉല്പാദന, സേവന, ഐ.ടി, തൊഴില്‍സംരംഭങ്ങൾ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ അല്ലെങ്കിൽ നിലവിലുളള സംരംഭങ്ങൾ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനോ ആണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റയ്ക്കോ/ കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.