പ്രവാസി അസോസിയേഷനുകളുടെ രജിസ്ട്രേഷൻ
നോർക്ക റൂട്ട്സും പ്രവാസി അസോസിയേഷനുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പരസ്പരമുള്ള സംഘടിതവും കാര്യക്ഷമവുമായ സഹകരണം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിദേശത്തുള്ള എല്ലാ NRK അസോസിയേഷനുകളും നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കിയിട്ടുള്ളത്. രജിസ്ട്രേഷനിലൂടെ പ്രവാസി അസോസിയേഷനുകളും നോർക്ക റൂട്ട്സും തമ്മിലുള്ള ആശയവിനിമയം, ഏകോപനം, സഹായ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലഭ്യമായ റിസോർസുകളുടെ വിനിയോഗം, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകൾ എന്നിവ പ്രവാസി അസ്സോസിയേഷനുകൾക്ക് ലഭ്യമാകുന്ന പ്രയോജനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, രജിസ്റ്റർ ചെയ്ത അസോസിയേഷനുകൾക്ക് അംഗീകാരവും പ്രാതിനിധ്യവും ഇതിലൂടെ ലഭിക്കുന്നു, ഇത് പ്രവാസി അസോസിയേഷനുകളുടെ വിശ്വാസ്യതയും പ്രവാസി മലയാളികളുടെ ക്ഷേമത്തിലൂന്നിയ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുന്നതിനും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ആത്യന്തികമായി, പ്രവാസി മലയാളികളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പുവരുത്തുന്നതിനും, NRK അസോസിയേഷനുകളും നോർക്ക റൂട്ട്സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സ്ഥിര സംവിധാനമാണ് ഇതിലൂടെ നടപ്പാക്കുന്നത്.
NRK അസോസിയേഷനുകളുടെ അംഗീകാരത്തിനുള്ള ചട്ടങ്ങൾ/ മാർഗ്ഗനിർദ്ദേശങ്ങൾ:
1. രണ്ട് വിഭാഗങ്ങളിൽപ്പെടുന്ന NRK അസോസിയേഷനുകൾക്ക് അംഗീകാരം ലഭ്യമാകുന്നതാണ്:
a) വിദേശത്തുള്ള NRK അസോസിയേഷനുകൾ
b) ഇന്ത്യയ്ക്കകത്ത്, എന്നാൽ കേരളത്തിന് പുറത്തുള്ളതുമായ NRK അസോസിയേഷനുകൾ
2. അപേക്ഷാ ഫോം
നോർക്ക രജിസ്ട്രേഷനുള്ള അപേക്ഷാ ഫോറം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുകയോ നോർക്ക റൂട്ട്സിൻ്റെ ഓഫീസുകളിൽ നിന്നും നേരിട്ട് ലഭ്യമാക്കുകയോ ചെയ്യാവുന്നതാണ്.
3. ഹാജരാക്കേണ്ട രേഖകൾ
[പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ ഹാജരാക്കണം]
എ) അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ച ആദ്യ മീറ്റിങ്ങിന്റെ മിനിറ്റ്സിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ ഭാരവാഹികളുടെ ഒപ്പോട് കൂടിയത് (വിദേശത്തുള്ള അസോസിയേഷനുകളുടെ കാര്യത്തിൽ).
ബി) ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് 1860 പ്രകാരമുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത് (ഇന്ത്യയിലെ അസോസിയേഷനുകളുടെ കാര്യത്തിൽ).
സി) അസോസിയേഷന്റെ ബൈലോ.
ഡി) ഇ-മെയിൽ ഐഡികൾ ഉൾപ്പെടെ എൻറോൾ ചെയ്ത അംഗങ്ങളുടെ പേരും വിലാസവും.
ഇ) കഴിഞ്ഞ മൂന്ന് വർഷത്തെ വാർഷിക റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും.
എഫ്) കഴിഞ്ഞ മൂന്ന് വർഷത്തെ അക്കൗണ്ടുകളുടെ ഓഡിറ്റഡ് സ്റ്റേറ്റ്മെൻ്റ്.
4. ഫീസ്: രജിസ്ട്രേഷൻ സൗജന്യമായിരിക്കും
5. തിരിച്ചറിയൽ നമ്പർ: രജിസ്ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് തിരിച്ചറിയൽ നമ്പർ നൽകും
6. അംഗീകൃത അസോസിയേഷനുകളുടെ കാറ്റഗറി തിരിച്ചുള്ള ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
7. സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്നതിന് കിഴിവുകളോ മറ്റ് ഓഫറുകളോ നൽകില്ല
8. നോർക്കയിൽ നിന്നോ കേരള സർക്കാരിൽ നിന്നോ ഇന്ത്യയ്ക്കുള്ളിലെ മറ്റേതെങ്കിലും സ്ഥാപനത്തിൽ നിന്നോ ഇതിനകം അംഗീകാരം നേടിയിട്ടുള്ള അസോസിയേഷനുകൾ നോർക്ക റൂട്സിൽ നിന്നും അംഗീകാരം നേടിയിരിക്കണം.
9. സംസ്ഥാന സർക്കാരിന്റെയോ നോർക്ക റൂട്ട്സിന്റെയോ ചിഹ്നം ഉപയോഗിക്കാൻ അംഗീകൃത അസോസിയേഷനെ അനുവദിക്കില്ല.
10. വിലാസം പുതുക്കൽ/ മാറ്റം: എല്ലാ അംഗീകൃത അസോസിയേഷനുകളും ഓരോ അഞ്ച് വർഷം കൂടുമ്പോഴും രജിസ്ട്രേഷൻ പുതുക്കണം. ഓഫീസ് വിലാസം, ഭാരവാഹികളുടെ പേര് എന്നിവയിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അത് അറിയിക്കേണ്ടതാണ്. രജിസ്ട്രേഷൻ പുതുക്കാത്ത അസോസിയേഷനുകളുടെ അംഗീകാരം സ്വയമേവ റദ്ദാക്കപ്പെടുകയും അവയുടെ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും.
11. രജിസ്ട്രേഷൻ പുതുക്കുന്നതിനും അസോസിയേഷനുകളുടെ വിലാസം മാറ്റുന്നതിനുമുള്ള അപേക്ഷ നോർക്ക റൂട്ട്സ് ഓഫീസുകളിലൂടെയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ചെയ്യാവുന്നതാണ്.
12. ഒരു കാരണവും കാണിക്കാതെയും മുൻകൂർ അറിയിപ്പ് കൂടാതെയും ഏത് സമയത്തും അസോസിയേഷനുകളുടെ അംഗീകാരം റദ്ദാക്കാനുള്ള അവകാശം സർക്കാർ/ നോർക്ക റൂട്ട്സിൽ നിക്ഷിപ്തമാണ്.
രജിസ്ട്രേഷൻ പുതുക്കുന്നതിന് ആവശ്യമായ രേഖകൾ:
1. നോർക്ക റൂട്ട്സ് നൽകുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്.
2. അസോസിയേഷന്റെ അവസാന മൂന്ന് വർഷത്തെ കണക്കുകളുടെ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും.
3. അസോസിയേഷന്റെ നിലവിലെ ഭാരവാഹികളുടെ ലിസ്റ്റ് അവരുടെ അഡ്രസ്, ഇ-മെയിൽ ഐഡി എന്നിവ സഹിതം.
4. പൂർണ്ണ വിലാസവും ഇമെയിൽ ഐഡിയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അംഗങ്ങളുടെ പുതുക്കിയ ലിസ്റ്റ്.
NRK അസോസിയേഷനുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന്, പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകലും അയച്ചുകൊടുക്കേണ്ട വിലാസം:
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
നോർക്ക-റൂട്ട്സ്, മൂന്നാം നില
നോർക്ക സെന്റർ, തൈക്കാട്
തിരുവനന്തപുരം- 14
ഫോൺ: 0471-2770500 / 2770543
ഇ-മെയിൽ: mail.norka@kerala.gov.in
അപേക്ഷാ ഫോറങ്ങൾ:
• NRK അസോസിയേഷനുകളുടെ രജിസ്ട്രേഷനുള്ള അപേക്ഷാ ഫോറം
• ഇന്ത്യയിൽ സ്ഥിതിചെയ്യുന്നതും എന്നാൽ കേരളത്തിന് പുറത്തുള്ളതുമായ NRK അസോസിയേഷനുകളുടെ രജിസ്ട്രേഷനുള്ള അപേക്ഷാ ഫോറം
• NRK അസോസിയേഷനുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷാ ഫോറം
അസോസിയേഷനുകളുടെ പട്ടിക:
• വിദേശത്തുള്ള NRK അസോസിയേഷനുകളുടെ വിവരങ്ങൾ
• ഇന്ത്യയിൽ സ്ഥിതിചെയ്യുന്നതും എന്നാൽ കേരളത്തിന് പുറത്തുള്ളതുമായ NRK അസോസിയേഷനുകളുടെ വിവരങ്ങൾ